കാഴ്ച

          സധാരണയായി ഹോസ്പിറ്റലുകളിൽ അഡ്മിറ്റ്‌ ചെയ്യേണ്ടി വരുമ്പോൾ ജനറൽ വാർഡിന്റെ വിശാലത തിരഞ്ഞെടുക്കാറില്ല.ഒറ്റമുറിയുടെ കുടുസ്സിലേക്ക്‌ മാറാറാണ്‌ പതിവ്‌.എന്റെ ശരീരം കൂടുതൽ സ്വകാര്യത ആവശ്യപ്പെടുന്നത്‌ കൊണ്ടാണത്‌.
          പക്ഷെ ഇപ്രാവശ്യം പനികൊണ്ട്‌ നാട്‌  മുഴുവൻ വിറച്ചപ്പൊൾ റൂമുകളെല്ലാം നേരത്തെ ഫുള്ളായതിനാൽ ജനറൽ വാർഡിലാണ്‌ കിടക്കേണ്ടി വന്നത്‌.വീട്ടിലേക്ക്‌ തിരിച്ചു പോരാൻ പറ്റാത്തതിനാലും പിറ്റേന്ന് തന്നെ റൂം ശരിയാക്കാമെന്ന ആശുപത്രി അധികാരികളുടെ വാക്കും വിശ്വസിച്ച്‌ ജനറൽ വാർഡിലേക്ക്‌ മാറി.
          ചുറ്റുപാടും പലതരം രോഗികളാണ്‌.പ്രായത്തിൽ ഏറിയവരും കുറഞ്ഞവരും എല്ലാമുണ്ട്‌.എന്റെ തൊട്ടടുത്ത ബെഡ്ഡിൽ ഒരമ്പത്‌ വയസ്സ്‌ തോന്നിക്കുന്ന   ഒരാളണ്‌ ഉള്ളത്‌.താടിയും മുടിയും നീട്ടിവളർത്തിയ അയാളെ കണ്ടപ്പോൾ ആദ്യമൊരു പേടി കലർന്ന അകൽച്ചയാണ്‌ തോന്നിയത്‌.
             പക്ഷെ അന്നു രാത്രി മുഴുവൻ വേദന കൊണ്ട്‌ കരയുന്ന ആ ചേട്ടനേയും ഇമവെട്ടാതെ അടുത്തിരുന്ന് ശുശ്രൂഷിക്കുന്ന ചേച്ചിയേയും കണ്ടപ്പോൾ ഒരു വല്ലാത്ത സഹതാപവും സ്നേഹവും തോന്നി.പിറ്റേന്ന്   രാവിലെ സൗകര്യപൂർവ്വം ചേച്ചിയോട്‌ ചേട്ടനെ കുറിച്ചു ചോദിച്ചറിഞ്ഞു.ആ ചേച്ചിയുടെ ഭർത്താവാണ്‌ അദ്ദേഹം.ചൊവ്വാദോഷം കൊണ്ട്‌ വളരെ വൈകിയതാണ്‌ അവരുടെ വിവാഹം നടന്നത്‌.45ഉം 49ഉം വയസ്സുള്ള അവർക്ക്‌ 8 വയസ്സുള്ള ഒരു മകനുമുണ്ട്‌.മകനെ ചേട്ടന്റെ വീട്ടിൽ ഏൽപിച്ച്‌ ആശുപത്രി വാസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി.
          തെങ്ങ്‌ കയറ്റകാരനായ അദ്ദേഹം ആരോഗ്യമള്ള സമയത്ത്‌ അധ്വാനിച്ചതിൽ ഒന്നും മിച്ചം വെക്കാൻ കഴിഞ്ഞില്ല.ഒരു ചെറ്റകുടിലിലാണ്‌ താമസം.ആറുവർഷത്തിലേറായി കിടപ്പിലായ അവർക്ക്‌ രോഗം ഇനി ഒന്നും വരാൻബാക്കിയില്ല.കുന്നിന്മുകളിലുള്ള വീട്ടിലേക്ക്‌ താഴെ കിണറ്റിൽ നിന്നു വെള്ളം കോരിയെടുത്ത്‌ തലയിലും ഒക്കത്തും വെച്ച്‌ കൊണ്ട്‌ വന്നിട്ട്‌ വേണം ചേട്ടന്റെ എല്ലാ കാര്യങ്ങളും നിർവഹിച്ചു കൊടുക്കാൻ.
                                  
          ഒരു മാസത്തെ മെഡിക്കൽ കോളേജ്‌ വാസത്തിനു ശേഷം അവിടെ നിന്നു നിർബന്ധിച്ചു അവരെ ഡിസ്‌ ചാർജ്‌ ചെയ്തു.കൃത്യമായ രോഗനിർണ്ണയമോ മരുന്നോ കൊടുക്കാതെ.നീരു വന്നു വീർത്ത ശരീരവുമായി വീട്ടിലെത്തിയ ദിവസം   രാത്രി ഉറങ്ങി എന്ന് പറയാൻ ചേച്ചിക്ക്‌ കഴിയുന്നില്ല.നേരം വെളുക്കും മുമ്പ്‌ വയറു വേദനയും ശ്വാസം മുട്ടലും എല്ലം കൂടി.ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.നാലഞ്ചു ദിവസം കഴിഞ്ഞിട്ടും മാറ്റമൊന്നും ഉണ്ടാവാതായപ്പോഴാണ്‌ കുറച്ചു കൂടെ നല്ല ചികിൽസ കിട്ടാൻ ഈ ആശുപത്രിയിൽ എത്തിയത്‌.കിട്ടവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി അവർ മടുത്തിട്ടുണ്ട്‌.രണ്ട്‌ പേർക്കും കൂടി ചത്തു കളയാമായിരുന്നു.മോന്റെ മുകത്തു നോക്കുമ്പോൾ അതിനും കഴിയുന്നില്ലെന്ന് പറഞ്ഞു ചേച്ചി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതായി.
         മൂന്നഴ്ചയോളമായി ഇവിടെ വന്നിട്ട്‌.കയ്യിലുള്ള കാശെല്ലാം ഏതാണ്ട്‌ തീർന്നിട്ടുണ്ട്‌.ഇനിയെപ്പോഴാണ്‌ ബിൽ വരിക എന്ന പേടിയിലാണ്‌.അവർ ചികിൽസ മതിയാക്കി പോകാനും അവർക്കാവുന്നില്ല.ശ്വാസം മുട്ടൽ കൂടുതലാകുമ്പോൾ ഓക്സിജൻ കൊടുക്കാനും വേദന കൊണ്ട്‌ പുളയുമ്പോൾ ഇഞ്ചക്ഷനെടുക്കാനുമെല്ലാം ഇവിടെ നിന്നാലെ പറ്റൂ.
                                     ഇതാണ്‌ ചേച്ചിയുടെ കഥ.ചെറിയ ചില  അസു ഖങ്ങൾക്ക്‌ പോലും സൂപ്പർ സ്പേഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അഭയം തേടുകയും വൻ കിട ഹോട്ടലുകളിലെ നിറം പിടിപ്പിച്ച ഭക്ഷണങ്ങളുമായി അടച്ചിട്ട റൂമുകളിൽ വെടി പറഞ്ഞും മറ്റും സമയം കളയുന്ന നാം അറിയേണ്ടത്‌, ഇവരുടെ ജീവിതങ്ങളാണ്‌.
      പ്രസവം കഴിഞ്ഞ്‌ ആശുപത്രിയിലുള്ളവർക്കെല്ലാം വിലകൂടിയ ചോക്ലേറ്റുകളും മറ്റും വിതരണം ചെയ്യുന്ന നാം അറിയേണ്ടത്‌ ഒരു നേരത്തെ മരുന്നിന്‌ വഴിതേടുന്ന ഇവരെകുറിച്ചാണ്‌.
      ആനുകാലികമായി പറയട്ടേ കളിയാവേശം അതിരുകടന്നു താര രാജാക്കന്മാരുടെ ഫ്‌ ളക്സ്‌ ബോർഡുകൾ നാടുനീളെ ഉയർത്തിവെക്കുന്ന നമ്മുടെ യുവാക്കൾ അറിയേണ്ടത്‌ ചോർന്ന് ഒലിക്കുന്ന കൂരകളിൽ കഴിയുന്ന ഇവരുടെ വിശപ്പിന്റെ വിളികളാണ്‌.അറിയാമോ അതെത്ര ദയനീയമാണെന്ന്..........?

ദാഹം

             അന്ന് സ്കൂളും മദ്രസയുമൊക്കെ അവധിയായിട്ടും രാവിലെ പായയിൽ തന്നെ ചുരുണ്ടു കൂടി.പുറത്ത്‌ നല്ല മഴയും തണുപ്പുമായിരുന്നു.സാധാരണയായി അവധി ദിനങ്ങളിൽ അതിരാവിലെ എഴുന്നേൽക്കാറാണ്‌ പതിവ്‌.ഒരു പകൽ മുഴുവൻ നിമിഷം പോലും പാഴാക്കാതെ കളിക്കാൻ വേണ്ടി.
             അങ്ങനെ കിടക്കുമ്പോഴാണ്‌ അടുക്കളയിൽ നിന്ന് വല്ല്യുപ്പയുടെ ശബ്ദം കേട്ടത്‌."ആരാ ഇന്ന് ആശുപത്രിയിൽ പോരുന്നത്‌?"കേട്ട ഉടനെ പുതപ്പെടുത്തെറിഞ്ഞ്‌ എഴുന്നേറ്റോടി"ഞാനുണ്ട്‌".ഞാൻ ഹാജർ പറഞ്ഞു."എന്നാൽ വേഗം റെഡിയാക്‌"ഉപ്പയുടെ കൽപന.മഴ നശിപ്പിക്കുമെന്ന് കരുതിയ ആ ദിവസം ഒരു ദീർഘയാത്ര തരപ്പെട്ട സന്തോഷത്തിലായിരുന്നു ഞാൻ.
            ഞാൻ പെട്ടെന്ന് റെഡിയായി വന്നു,മഴ അൽപം ക്ഷമിച്ചപ്പോൾ ഞങ്ങളിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴേക്കും ഒരോട്ടോ കിട്ടി.അതിൽ നേരെ ബസ്റ്റാന്റിലേക്ക്‌  ...ഒഴിവു ദിനമായതിനാലും മഴയായതിനാലും മിക്കവാറും ബസ്സുകളൊക്കെ കാലിയായിരുന്നു.കാണാൻ സുന്ദരനായ ഒരു ബസ്സിൽ കയറി ഞങ്ങളിരിപ്പുറപ്പിച്ചു.
             ബസ്‌ യാത്ര തുടങ്ങി.അപ്പോഴാണ്‌ യാത്രയുടെ ഉദ്ദേശത്തെ കുറിച്ചും മറ്റുമൊക്കെ ചിന്തിക്കാൻ തുടങ്ങിയത്‌.കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്കാണ്‌ ഈ യാത്ര.ആദ്യമായിട്ടാണ്‌ അവിടേക്ക്‌ പോകുന്നത്‌.അവിടെയാണ്‌ പൊള്ളലേറ്റ അനിയത്തി ചികിൽസയിലുള്ളത്‌.
             വെറുതെ പുറം കാഴ്ചകളിലേക്ക്‌ തല തിരിച്ചിരുന്നപ്പോൾ നടുക്കമുണ്ടാക്കുന്ന ആ കാഴ്ചകൾ കണ്ണിലേക്ക്‌ വീണ്ടും ഇരച്ചു കയറുന്ന പോലെ തോന്നി.ഏതാനും ദിവസങ്ങൾക്ക്‌ മുൻപാണ്‌ അതുണ്ടായത്‌.നല്ല മഴയുള്ള ഒരു രാത്രി,കരണ്ടുമില്ല.ഉമ്മ അടുത്തിരുന്ന് എന്നെ പഠ്പ്പിക്കുകയാണ്‌.അതിനിടയിലാണ്‌ അവളോടി വന്ന് മേശയിൽ പിടിച്ചത്‌.മേശയുടെ അരികിൽ കത്തിച്ച്‌ വെച്ചിരുന്ന മണ്ണെണ്ണ വിളക്ക്‌ അവളുടെ ശരീരത്തിലേക്ക്‌ മറിഞ്ഞു വീണു.തീ ഒന്നാളിയതും ഉമ്മയുടെ നിലവിളിയും മാത്രമേ എനിക്കോർക്കാൻ കഴിയൊന്നൊള്ളൂ.അപ്പോഴേക്കും അകത്ത്‌ നിന്നും വല്ല്യുപ്പയും മറ്റും ഓടി വന്നു.ഉച്ചതിലുള്ള സംസാരങ്ങളും നിലവിളികളും മാത്രമാണ്‌ പിന്നീട്‌ കേട്ടത്‌.നിമിഷങ്ങൾക്കകം ഒരു വണ്ടിയെടുത്ത്‌ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.പിന്നീടാണ്‌ ഇങ്ങോട്ടു മാറ്റിയത്‌.
              അപകടനില തരണം ചെയ്ത അവൾക്കിന്നൊരു ഓപറേഷനാണ്‌.അതിനാണ്‌ രാവിലെ തന്നെയുള്ള വല്ല്യുപ്പയുടെ ഈ യാത്ര.
               അങ്ങനെ ആശുപത്രിയിലെത്തി.പടുകൂറ്റൻ ആശുപത്രി,നാട്ടിൻ പുറത്ത്‌ നിന്ന് വന്ന എനിക്കതൊരപാര കാഴ്ചയായിരുന്നു.നേരത്തെ പറഞ്ഞ സംഭവത്തിനു ശേഷം അനിയത്തിയെ ആദ്യമായി കാണാൻ പോകുന്ന ആവേശമോ ആകാംക്ഷയോ ഒന്നും എന്നിലുണ്ടായിരുന്നില്ല.അവളുടേ അവസ്ഥയെ കുറിച്ച്‌ പോലും ഞാൻ അലോചിച്ചിട്ടുണ്ടായിരുന്നില്ല.പടുകൂറ്റൻ ആശുപത്രിയും ജനത്തിരക്കേറിയ അതിന്റെ മുറ്റവുമൊക്കെയായിരുന്നു എന്റെ കാഴ്ചയിൽ.പാസ്സെടുത്ത്‌ വാർഡിലേക്ക്‌ കയറി.രാവിലെ ഏതാണ്ട്‌ പതിനൊന്നുമണിയോടടുത്തിരുന്നു സമയം.
              ശരീരം മുഴുവൻ പൊതിഞ്ഞു കെട്ടിയ അവളെ കണ്ടപ്പോഴും അവളനുഭവിക്കുന്ന വേദനയോ പ്രയാസങ്ങളോ എന്നിലെ രണ്ടാം ക്‌ളാസ്സുകാരനിൽ എത്തിയിട്ടുണ്ടായിരുന്നില്ല.12 മണിക്കാണ്‌ ഓപറേഷൻ പറഞ്ഞിട്ടുള്ളത്‌.വിശാലമായ ആ വാർഡിലെ കാഴ്ചകളൊക്കെ ഞാൻ ചുറ്റി നടന്നു കണ്ടു.എല്ലായിടതും കരച്ചിലുകൾ മത്രമാണ്‌ കേട്ടു കൊണ്ടിരുന്നത്‌.ഏറിയും കുറഞ്ഞുമായി ശാരീരത്തിന്റെ പല ഭാഗങ്ങൾ പൊള്ളിയ ഒരുപാട്‌ പേർ.
             പറഞ്ഞ സമയം കഴിഞ്ഞിട്ടും അവളെ ഓപറേഷന്‌ കൊണ്ടു പോയില്ല.ഓടി നടക്കുന്ന നഴ്സുമാരോട്‌ ചോദിക്കുമ്പോഴൊക്കെ "ഉട്നെ ഉടനെ" എന്ന മറുപടിയാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌.വീണ്ടും ഒരുപാട്‌ സമയം കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വിശപ്പിന്റെ കാഹളം മുഴങ്ങി തുടങ്ങി.ആ മുഴക്കമങ്ങനെ ഉച്ചതിലായപ്പോൾ ഞാനെന്റെ വയറിന്റെ അപേക്ഷ അവിടെയുള്ളവരുടെ മുൻപിൽ സമർപ്പിച്ചു.'കുറച്ച്‌ കഴിയട്ടെ'എന്ന് പറഞ്ഞ്‌ അവരത്‌ മാറ്റിവെച്ചു.കുറച്ച്‌ കഴിഞ്ഞ്‌ വിശപ്പ്‌  അസഹനീയമായപ്പോൾ ഞാൻ കരച്ചിലിന്റെ വക്കോളമെത്തി.ആ സമയത്ത്‌ അനിയത്തിയും വെള്ളത്തിനു വേണ്ടി കരഞ്ഞു കൊണ്ടിരിക്കയായിരുന്നു.വെള്ളം അവിടെയൊന്നും കിട്ടനില്ലെന്നും കുറച്ച്‌ കഴിഞ്ഞാൽ വരുമെന്നും ഉമ്മ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്‌
              പക്ഷെ  അവിടെയൊക്കെ വെള്ളം ഞാൻ കാണുന്നുണ്ടായിരുന്നു.ഞാൻ വല്ല്യുപ്പയുടെ അടുത്ത്‌ ചെന്ന് പതുക്കെ ചോദിച്ചു."എന്താ അവൾക്ക്‌ വെള്ളം കൊടുക്കാത്തത്‌?വെള്ളം കട്ടിലിനടിയിലുണ്ടല്ലോ?"എന്ന് ചോദിച്ചപ്പോൾ ഉപ്പ പറഞ്ഞു.ഓപറേഷനായതു കൊണ്ട്‌ അവൾക്ക്‌ വെള്ളമൊന്നും കൊടുക്കാൻ പറ്റില്ല.ഇന്നലെ മുതൽ കഴിക്കാൻ ഒന്നും കൊടുത്തിട്ടില്ല.ഇതു പോലെ അവർ കഴിഞ്ഞ ദിവസങ്ങളിലും ഓപറേഷന്‌ വേണ്ടി ഭക്ഷണം കൊടുക്കാതിരിക്കാൻ ഡോക്റ്റർമാർ നിർദ്ദേശിക്കുകയും ഓപറേഷൻ നടക്കാതെ പോകുകയും ചെയ്തിട്ടുണ്ടെന്നും ഉപ്പ പറഞ്ഞു.അത്‌ കേട്ടപ്പോൾ ഞാനാകെ ഉരുകിപ്പോയി.എന്റെ വിശപ്പെല്ലാം പതുക്കെ പത്തിയടക്കി.ഇന്നലെ മുതൽ തുള്ളി വെള്ളം പോലും കുടിക്കാത്ത അവളെക്കുറിച്ചായി പിന്നെ എന്റെ ചിന്ത മുഴുവൻ.വാർഡിലെ വലിയ ക്‌ ളോക്കിൽ സമയമങ്ങനെ കടന്നു പോയി.സമയം മൂന്ന് മണി കഴിഞ്ഞിട്ടും അവളെ കൊണ്ടുപോയിട്ടില്ല.അവളാണെങ്കിൽ നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുന്നു.ചുണ്ടൊക്കെ വറ്റി വരണ്ടിരിക്കുന്നു.അതിനിടയിൽ എപ്പോഴോ ഒരിക്കൽ ഒരു സ്പൂണിൽ വെള്ളമെടുത്ത്‌ ചുണ്ടു നനച്ചപ്പോൾ അവളാർത്തിയൊടെ അത്‌ നക്കിനൊട്ടുന്നത്‌ ഒരു വല്ലാത്ത കാഴ്ചയായിരുന്നു.
          കരച്ചിലുച്ചത്തിലായിതുടങ്ങിയപ്പോൾ ഉമ്മ അവളെ എടുത്ത്കൊണ്ട്‌ വാർഡിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.കഥകൾപറഞ്ഞും ജനലിലൂടെ ആശുപത്രിക്ക്‌ പുറത്തെ ആൾകൂട്ടവും വാഹനങ്ങളും കാണിച്ച്‌ കൊടുത്തും ഉമ്മ അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.
         അഞ്ചു മണിയായിട്ടും ഓപറേഷന്‌ കൊണ്ടുപോയില്ല.ഉമ്മ വാർഡിൽ നിന്നിറങ്ങി ആശുപത്രി വരാന്തയുടെ ജനലിലൂടെ പുറത്തെ കാഴ്ചകൾ കാണിച്ചു കൊടുക്കുകയായിരുന്നു.എച്ചിൽ കൂനകളിൽ തെരുവു പട്ടികൾ കടിപിടികൂടുന്ന ആ കാഴ്ച്ച രസകരമായിരുന്നിട്ടു കൂടി അവൾക്കത്‌ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.കുറച്ച്‌ സമയം ആ നിൽപ്‌ തുടർന്നപോൾ പുറത്തെ ഓടയിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ അതിദയനീയമായി അവൾ ചോദിച്ചു"ആ വെള്ളം കുടിക്കാൻ പറ്റുമോ?"
        വർഷങ്ങളേറേ കഴിഞ്ഞിട്ടും ആ വിറക്കുന്ന ശബ്ദം പലപ്പോഴും എന്നെ അസ്വസ്ഥനാകാറുണ്ട്‌.
        അതേ ആശുപത്രി കിടക്കയിൽ വർഷങ്ങൾക്ക്‌ ശേഷം കിടക്കേണ്ടി വന്നപ്പോൾ അന്ന് അനിയത്തി അനുഭവിച്ചിട്ടുണ്ടാകാവുന്ന കഷ്ടപ്പാടിനെ കുറിച്ച്‌ ഞാൻ ഓർത്തുപോയിട്ടുണ്ട്‌.ഡോക്ടർമാരുടെ അനാസ്ഥയും അലംഭാവവും കാരണം ആവശ്യമായ ശുശ്രൂഷ ലഭിക്കാതെ കഷ്ടപ്പെടുന്നവർ മെഡിക്കൽ കോളേജിന്റെ വരാന്തകളിൽ ഇന്നും ഒരു സ്ഥിരം കാഴ്ച്ചയാണ്‌.മെഡിക്കൽ കോളേജുകളിൽ മെഡിസിൻ പഠനത്തിന്‌ യോഗ്യത നേടാൻ രാവുനീളെ ഉറക്കമൊഴിച്ചിരുന്ന് പഠിച്ചു നേടുന്ന മാർക്ക്‌ ലിസ്റ്റുകൾക്കപ്പുറം നമ്മുടെ ഡോക്ടർമാർക്ക്‌         മനുഷ്യത്വം എന്നാണാവോ ഒരു യോഗ്യതയായി പരിഗണിക്കുക??????

കളിയാട്ടകാഴ്ചകൾ                                    ഫോട്ടോ:അൻവർ വെളിമുക്ക്‌
മലബാറിലെ ക്ഷേത്രോൽസവങ്ങളുടെ സമാപനമാണ്‌ കോഴിക്കളിയാട്ടം.എടവത്തിലെ രണ്ടാം വെള്ളിയാഴ്ച്‌ യിലാണ്‌ ഇതു നടക്കറ്‌.പൊയ്‌ കുതിരയെ എഴുന്നള്ളിക്കലും കോഴിക്കുരുതിയുമാണ്‌ പ്രധാന ചടങ്ങുകൾ.മഴക്കാലം അടുത്തുള്ളതിനാൽ വിത്തുൽപന്നങ്ങൾ അടക്കമുള്ളവയുടെ ഒരു വൻ വ്യാപാര മേള കൂടിയാണു കളിയാട്ടം.അതുകൊണ്ടു തന്നെ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം അതൊരു നാടിന്റെ ഉത്സവമാകുന്നു.