ദാഹം

             അന്ന് സ്കൂളും മദ്രസയുമൊക്കെ അവധിയായിട്ടും രാവിലെ പായയിൽ തന്നെ ചുരുണ്ടു കൂടി.പുറത്ത്‌ നല്ല മഴയും തണുപ്പുമായിരുന്നു.സാധാരണയായി അവധി ദിനങ്ങളിൽ അതിരാവിലെ എഴുന്നേൽക്കാറാണ്‌ പതിവ്‌.ഒരു പകൽ മുഴുവൻ നിമിഷം പോലും പാഴാക്കാതെ കളിക്കാൻ വേണ്ടി.
             അങ്ങനെ കിടക്കുമ്പോഴാണ്‌ അടുക്കളയിൽ നിന്ന് വല്ല്യുപ്പയുടെ ശബ്ദം കേട്ടത്‌."ആരാ ഇന്ന് ആശുപത്രിയിൽ പോരുന്നത്‌?"കേട്ട ഉടനെ പുതപ്പെടുത്തെറിഞ്ഞ്‌ എഴുന്നേറ്റോടി"ഞാനുണ്ട്‌".ഞാൻ ഹാജർ പറഞ്ഞു."എന്നാൽ വേഗം റെഡിയാക്‌"ഉപ്പയുടെ കൽപന.മഴ നശിപ്പിക്കുമെന്ന് കരുതിയ ആ ദിവസം ഒരു ദീർഘയാത്ര തരപ്പെട്ട സന്തോഷത്തിലായിരുന്നു ഞാൻ.
            ഞാൻ പെട്ടെന്ന് റെഡിയായി വന്നു,മഴ അൽപം ക്ഷമിച്ചപ്പോൾ ഞങ്ങളിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴേക്കും ഒരോട്ടോ കിട്ടി.അതിൽ നേരെ ബസ്റ്റാന്റിലേക്ക്‌  ...ഒഴിവു ദിനമായതിനാലും മഴയായതിനാലും മിക്കവാറും ബസ്സുകളൊക്കെ കാലിയായിരുന്നു.കാണാൻ സുന്ദരനായ ഒരു ബസ്സിൽ കയറി ഞങ്ങളിരിപ്പുറപ്പിച്ചു.
             ബസ്‌ യാത്ര തുടങ്ങി.അപ്പോഴാണ്‌ യാത്രയുടെ ഉദ്ദേശത്തെ കുറിച്ചും മറ്റുമൊക്കെ ചിന്തിക്കാൻ തുടങ്ങിയത്‌.കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്കാണ്‌ ഈ യാത്ര.ആദ്യമായിട്ടാണ്‌ അവിടേക്ക്‌ പോകുന്നത്‌.അവിടെയാണ്‌ പൊള്ളലേറ്റ അനിയത്തി ചികിൽസയിലുള്ളത്‌.
             വെറുതെ പുറം കാഴ്ചകളിലേക്ക്‌ തല തിരിച്ചിരുന്നപ്പോൾ നടുക്കമുണ്ടാക്കുന്ന ആ കാഴ്ചകൾ കണ്ണിലേക്ക്‌ വീണ്ടും ഇരച്ചു കയറുന്ന പോലെ തോന്നി.ഏതാനും ദിവസങ്ങൾക്ക്‌ മുൻപാണ്‌ അതുണ്ടായത്‌.നല്ല മഴയുള്ള ഒരു രാത്രി,കരണ്ടുമില്ല.ഉമ്മ അടുത്തിരുന്ന് എന്നെ പഠ്പ്പിക്കുകയാണ്‌.അതിനിടയിലാണ്‌ അവളോടി വന്ന് മേശയിൽ പിടിച്ചത്‌.മേശയുടെ അരികിൽ കത്തിച്ച്‌ വെച്ചിരുന്ന മണ്ണെണ്ണ വിളക്ക്‌ അവളുടെ ശരീരത്തിലേക്ക്‌ മറിഞ്ഞു വീണു.തീ ഒന്നാളിയതും ഉമ്മയുടെ നിലവിളിയും മാത്രമേ എനിക്കോർക്കാൻ കഴിയൊന്നൊള്ളൂ.അപ്പോഴേക്കും അകത്ത്‌ നിന്നും വല്ല്യുപ്പയും മറ്റും ഓടി വന്നു.ഉച്ചതിലുള്ള സംസാരങ്ങളും നിലവിളികളും മാത്രമാണ്‌ പിന്നീട്‌ കേട്ടത്‌.നിമിഷങ്ങൾക്കകം ഒരു വണ്ടിയെടുത്ത്‌ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.പിന്നീടാണ്‌ ഇങ്ങോട്ടു മാറ്റിയത്‌.
              അപകടനില തരണം ചെയ്ത അവൾക്കിന്നൊരു ഓപറേഷനാണ്‌.അതിനാണ്‌ രാവിലെ തന്നെയുള്ള വല്ല്യുപ്പയുടെ ഈ യാത്ര.
               അങ്ങനെ ആശുപത്രിയിലെത്തി.പടുകൂറ്റൻ ആശുപത്രി,നാട്ടിൻ പുറത്ത്‌ നിന്ന് വന്ന എനിക്കതൊരപാര കാഴ്ചയായിരുന്നു.നേരത്തെ പറഞ്ഞ സംഭവത്തിനു ശേഷം അനിയത്തിയെ ആദ്യമായി കാണാൻ പോകുന്ന ആവേശമോ ആകാംക്ഷയോ ഒന്നും എന്നിലുണ്ടായിരുന്നില്ല.അവളുടേ അവസ്ഥയെ കുറിച്ച്‌ പോലും ഞാൻ അലോചിച്ചിട്ടുണ്ടായിരുന്നില്ല.പടുകൂറ്റൻ ആശുപത്രിയും ജനത്തിരക്കേറിയ അതിന്റെ മുറ്റവുമൊക്കെയായിരുന്നു എന്റെ കാഴ്ചയിൽ.പാസ്സെടുത്ത്‌ വാർഡിലേക്ക്‌ കയറി.രാവിലെ ഏതാണ്ട്‌ പതിനൊന്നുമണിയോടടുത്തിരുന്നു സമയം.
              ശരീരം മുഴുവൻ പൊതിഞ്ഞു കെട്ടിയ അവളെ കണ്ടപ്പോഴും അവളനുഭവിക്കുന്ന വേദനയോ പ്രയാസങ്ങളോ എന്നിലെ രണ്ടാം ക്‌ളാസ്സുകാരനിൽ എത്തിയിട്ടുണ്ടായിരുന്നില്ല.12 മണിക്കാണ്‌ ഓപറേഷൻ പറഞ്ഞിട്ടുള്ളത്‌.വിശാലമായ ആ വാർഡിലെ കാഴ്ചകളൊക്കെ ഞാൻ ചുറ്റി നടന്നു കണ്ടു.എല്ലായിടതും കരച്ചിലുകൾ മത്രമാണ്‌ കേട്ടു കൊണ്ടിരുന്നത്‌.ഏറിയും കുറഞ്ഞുമായി ശാരീരത്തിന്റെ പല ഭാഗങ്ങൾ പൊള്ളിയ ഒരുപാട്‌ പേർ.
             പറഞ്ഞ സമയം കഴിഞ്ഞിട്ടും അവളെ ഓപറേഷന്‌ കൊണ്ടു പോയില്ല.ഓടി നടക്കുന്ന നഴ്സുമാരോട്‌ ചോദിക്കുമ്പോഴൊക്കെ "ഉട്നെ ഉടനെ" എന്ന മറുപടിയാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌.വീണ്ടും ഒരുപാട്‌ സമയം കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വിശപ്പിന്റെ കാഹളം മുഴങ്ങി തുടങ്ങി.ആ മുഴക്കമങ്ങനെ ഉച്ചതിലായപ്പോൾ ഞാനെന്റെ വയറിന്റെ അപേക്ഷ അവിടെയുള്ളവരുടെ മുൻപിൽ സമർപ്പിച്ചു.'കുറച്ച്‌ കഴിയട്ടെ'എന്ന് പറഞ്ഞ്‌ അവരത്‌ മാറ്റിവെച്ചു.കുറച്ച്‌ കഴിഞ്ഞ്‌ വിശപ്പ്‌  അസഹനീയമായപ്പോൾ ഞാൻ കരച്ചിലിന്റെ വക്കോളമെത്തി.ആ സമയത്ത്‌ അനിയത്തിയും വെള്ളത്തിനു വേണ്ടി കരഞ്ഞു കൊണ്ടിരിക്കയായിരുന്നു.വെള്ളം അവിടെയൊന്നും കിട്ടനില്ലെന്നും കുറച്ച്‌ കഴിഞ്ഞാൽ വരുമെന്നും ഉമ്മ പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്‌
              പക്ഷെ  അവിടെയൊക്കെ വെള്ളം ഞാൻ കാണുന്നുണ്ടായിരുന്നു.ഞാൻ വല്ല്യുപ്പയുടെ അടുത്ത്‌ ചെന്ന് പതുക്കെ ചോദിച്ചു."എന്താ അവൾക്ക്‌ വെള്ളം കൊടുക്കാത്തത്‌?വെള്ളം കട്ടിലിനടിയിലുണ്ടല്ലോ?"എന്ന് ചോദിച്ചപ്പോൾ ഉപ്പ പറഞ്ഞു.ഓപറേഷനായതു കൊണ്ട്‌ അവൾക്ക്‌ വെള്ളമൊന്നും കൊടുക്കാൻ പറ്റില്ല.ഇന്നലെ മുതൽ കഴിക്കാൻ ഒന്നും കൊടുത്തിട്ടില്ല.ഇതു പോലെ അവർ കഴിഞ്ഞ ദിവസങ്ങളിലും ഓപറേഷന്‌ വേണ്ടി ഭക്ഷണം കൊടുക്കാതിരിക്കാൻ ഡോക്റ്റർമാർ നിർദ്ദേശിക്കുകയും ഓപറേഷൻ നടക്കാതെ പോകുകയും ചെയ്തിട്ടുണ്ടെന്നും ഉപ്പ പറഞ്ഞു.അത്‌ കേട്ടപ്പോൾ ഞാനാകെ ഉരുകിപ്പോയി.എന്റെ വിശപ്പെല്ലാം പതുക്കെ പത്തിയടക്കി.ഇന്നലെ മുതൽ തുള്ളി വെള്ളം പോലും കുടിക്കാത്ത അവളെക്കുറിച്ചായി പിന്നെ എന്റെ ചിന്ത മുഴുവൻ.വാർഡിലെ വലിയ ക്‌ ളോക്കിൽ സമയമങ്ങനെ കടന്നു പോയി.സമയം മൂന്ന് മണി കഴിഞ്ഞിട്ടും അവളെ കൊണ്ടുപോയിട്ടില്ല.അവളാണെങ്കിൽ നിർത്താതെ കരഞ്ഞു കൊണ്ടിരിക്കുന്നു.ചുണ്ടൊക്കെ വറ്റി വരണ്ടിരിക്കുന്നു.അതിനിടയിൽ എപ്പോഴോ ഒരിക്കൽ ഒരു സ്പൂണിൽ വെള്ളമെടുത്ത്‌ ചുണ്ടു നനച്ചപ്പോൾ അവളാർത്തിയൊടെ അത്‌ നക്കിനൊട്ടുന്നത്‌ ഒരു വല്ലാത്ത കാഴ്ചയായിരുന്നു.
          കരച്ചിലുച്ചത്തിലായിതുടങ്ങിയപ്പോൾ ഉമ്മ അവളെ എടുത്ത്കൊണ്ട്‌ വാർഡിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.കഥകൾപറഞ്ഞും ജനലിലൂടെ ആശുപത്രിക്ക്‌ പുറത്തെ ആൾകൂട്ടവും വാഹനങ്ങളും കാണിച്ച്‌ കൊടുത്തും ഉമ്മ അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.
         അഞ്ചു മണിയായിട്ടും ഓപറേഷന്‌ കൊണ്ടുപോയില്ല.ഉമ്മ വാർഡിൽ നിന്നിറങ്ങി ആശുപത്രി വരാന്തയുടെ ജനലിലൂടെ പുറത്തെ കാഴ്ചകൾ കാണിച്ചു കൊടുക്കുകയായിരുന്നു.എച്ചിൽ കൂനകളിൽ തെരുവു പട്ടികൾ കടിപിടികൂടുന്ന ആ കാഴ്ച്ച രസകരമായിരുന്നിട്ടു കൂടി അവൾക്കത്‌ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല.കുറച്ച്‌ സമയം ആ നിൽപ്‌ തുടർന്നപോൾ പുറത്തെ ഓടയിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ അതിദയനീയമായി അവൾ ചോദിച്ചു"ആ വെള്ളം കുടിക്കാൻ പറ്റുമോ?"
        വർഷങ്ങളേറേ കഴിഞ്ഞിട്ടും ആ വിറക്കുന്ന ശബ്ദം പലപ്പോഴും എന്നെ അസ്വസ്ഥനാകാറുണ്ട്‌.
        അതേ ആശുപത്രി കിടക്കയിൽ വർഷങ്ങൾക്ക്‌ ശേഷം കിടക്കേണ്ടി വന്നപ്പോൾ അന്ന് അനിയത്തി അനുഭവിച്ചിട്ടുണ്ടാകാവുന്ന കഷ്ടപ്പാടിനെ കുറിച്ച്‌ ഞാൻ ഓർത്തുപോയിട്ടുണ്ട്‌.ഡോക്ടർമാരുടെ അനാസ്ഥയും അലംഭാവവും കാരണം ആവശ്യമായ ശുശ്രൂഷ ലഭിക്കാതെ കഷ്ടപ്പെടുന്നവർ മെഡിക്കൽ കോളേജിന്റെ വരാന്തകളിൽ ഇന്നും ഒരു സ്ഥിരം കാഴ്ച്ചയാണ്‌.മെഡിക്കൽ കോളേജുകളിൽ മെഡിസിൻ പഠനത്തിന്‌ യോഗ്യത നേടാൻ രാവുനീളെ ഉറക്കമൊഴിച്ചിരുന്ന് പഠിച്ചു നേടുന്ന മാർക്ക്‌ ലിസ്റ്റുകൾക്കപ്പുറം നമ്മുടെ ഡോക്ടർമാർക്ക്‌         മനുഷ്യത്വം എന്നാണാവോ ഒരു യോഗ്യതയായി പരിഗണിക്കുക??????

11 Response to "ദാഹം"

 1. രവി says:

  ..
  വായിച്ചു, ഒറ്റയിരുപ്പിനെന്നെ. :)
  എന്ന് വെച്ചാല്‍ വായനക്കാരനെ വായിക്കാന്‍ പ്രേരിപ്പിച്ചു എന്നെന്നെ.

  തുടരുക,
  ആശംസകളോടെ..
  ..

  ഹംസ says:

  എന്താ പറയുക.. കണ്ണില്‍ വെള്ളമാണ്. !!

  ഡോകടര്‍മാരുടെ അനാസ്ഥ ഒരുപാട് ചര്‍ച്ചാ വിഷയം ആയിട്ടൂണ്ട്ങ്കിലും ഇപ്പോഴും അതിനൊന്നും മാറ്റമില്ല. രോഗികളെ കണ്ട് മടുക്കുന്നത് കൊണ്ടാവാം അവരുടെ മനുഷ്യത്വം നശിച്ചു പോവുന്നത്.

  ' ഓടയിലേക്ക്‌ വിരൽ ചൂണ്ടിക്കൊണ്ട്‌ അതിദയനീയമായി അവൾ ചോദിച്ചു"ആ വെള്ളം കുടിക്കാൻ പറ്റുമോ?"
  ആളുകളെ കുരങ്ങ്കളിപ്പിച്ച് “വെള്ളംകുടിപ്പിക്കാ”റാണല്ലൊ ,ആശുപത്രികളുടെ സുപ്രധാന കലാപരിപാടി!
  ഇവന്മാരുടെ “സേവനം”മഹത്വരമായിത്തീരുക,കൈക്കൂലി മൊത്തമായും ചില്ലറയായും വേണ്ടിടങ്ങളില്‍
  തോതനുസരിച്ച് വിതരണം ചെയ്യപ്പെടുമ്പോള്‍ മാത്രമാണെന്ന് പാവം വല്യുപ്പാക്ക് അറിയില്ല അല്ലേ...?

  എന്നെ ഒത്തിരി സ്നേഹിച്ച, എന്നെ ജീവിതത്തിലെക്ക് കൈപിടിച്ച് നടത്തിയ നല്ലവരായ ഒരു കൂട്ടം ഡോക്റ്റര്‍മാരെ മാത്രെ എനിക്കറിയൂ

  അതേ ആശുപത്രി കിടക്കയിൽ വർഷങ്ങൾക്ക്‌ ശേഷം കിടക്കേണ്ടി വന്നപ്പോൾ അന്ന് അനിയത്തി അനുഭവിച്ചിട്ടുണ്ടാകാവുന്ന കഷ്ടപ്പാടിനെ കുറിച്ച്‌ ഞാൻ ഓർത്തുപോയിട്ടുണ്ട്‌.ഡോക്ടർമാരുടെ അനാസ്ഥയും അലംഭാവവും കാരണം ആവശ്യമായ ശുശ്രൂഷ ലഭിക്കാതെ കഷ്ടപ്പെടുന്നവർ മെഡിക്കൽ കോളേജിന്റെ വരാന്തകളിൽ ഇന്നും ഒരു സ്ഥിരം കാഴ്ച്ചയാണ്‌.

  എങ്കിലും,എല്ലാ ഡോക്ടർന്മാരും അത്തരക്കാരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരുപക്ഷെ അവരുടെ മനസ്സ്, ഒരുപാട് രേഗികളെ കാണുമ്പോഴുണ്ടാകുന്ന ഒരുതരം
  മാറ്റമാകാം ഇത്തരം അവസ്തകൾക്ക് കാരണം.

  മോനെ,
  എന്ത് പറയാനാ,ഇന്നത്തെ ഡോക്ടര്‍മാര്‍ എല്ലാവരും ആ പ്രോഫെഷനോട് താല്പര്യമുണ്ടായിട്ടു ഡോക്ടര്‍മാര്‍ ആകുന്നവരല്ല.പലരും ആ പകിട്ടില്‍ മയങ്ങാന്‍ വേണ്ടി അതാകുന്നവരാണ്.അത്തരക്കാര്‍ക്കു വേണ്ടി നാട് നിറയെ management കോളേജുകളും ഉണ്ട്.

  raees says:

  I AM RAEES KODUVALLY
  i saw about you madhyamam news paper yesterday

  Azhar says:

  എന്‍റെ അനുജന് എല്ലാ ആശംസകളും, വായിക്കുക കിട്ടുന്നതെല്ലാം! പ്രാര്‍ത്ഥനകളോടെ അസ്ഹര്‍ പയ്യന്നൂര്‍....

  noonus says:

  നമ്മുടെ ഡോക്ടർമാർക്ക്‌ മനുഷ്യത്വം എന്നാണാവോ ഒരു യോഗ്യതയായി പരിഗണിക്കുക??????

  faizal says:

  hai super story cangrathulations rahees

  എഴുതിക്കൊണ്ടേയിരിക്കുക..ഇത്തിരി നര്‍മ്മവും ചേര്‍ത്തോളൂ..