ആദരിക്കപെടുന്നു.

    ഏകദേശം ഒരു നാലര വർഷം മുമ്പാണെന്നാണെന്റെ ഓർമ.ഒരവാർഡ്‌ ദാന ചടങ്ങിൽ(അവാർഡ്‌ വിതരണ മേള,ഈ പട്ടയ വിതരണ മേള പോലെ)പങ്കെടുക്കേണ്ടി വന്നു.ഞാനടക്കം  ഒരുപാടാളുകൾ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയിരുന്നു.ഏകദേശം ഒരു പത്ത്മുപ്പത്‌ ആളുകൾ കാണും.അവരുടെ കൂടെയുള്ളവരും എല്ലാവരും കൂടെ ആകെ ഒരു ബഹളമയമായ അന്തരീക്ഷമാണ്‌.                                                                                                                                                                      രാവിലെ പത്ത്‌ മണിക്ക്‌ തുടങ്ങാൻ നിശ്ചയിച്ച ചടങ്ങാണ്‌.11.30 കഴിഞ്ഞിട്ടും ചടങ്ങ്‌ തുടങ്ങിയിട്ടില്ല.ഏറ്റു വാങ്ങാനുള്ളവരും അവരുടെ കൂടെയുള്ളവരും സഘാടകരെന്ന് തോന്നിക്കുന്ന ചിലരും മാത്രമാണ്‌ സ്ഥലത്തുള്ളത്‌.കൊടും വേനലിലാണ്‌ ഈ പരിപാടി നടക്കുന്നത്‌.
          ഉദ്ദേശം ഒരു 12 മണിയോട്‌ കൂടി അവാർഡ്‌ വിതരണം ചെയ്യാനുള്ള മുഖ്യാതിഥികൾ എത്തിചേർന്നു.ഉടനെ തന്നെ പരിപാടി തുടങ്ങുകയും ഓരോരുത്തരെയായി വേദിയിൽ വിളിച്ചുവരുത്തുകയും ചെയ്തു.അവരിൽ നിന്നെല്ലാം എന്തൊക്കെയോ പേപ്പറുകൾ ഒപ്പിട്ടു വാങ്ങുന്നുണ്ടായിരുന്നു.പുരസ്കാരം ലഭിച്ചവർക്ക്‌ പ്രത്യേകിച്ച്‌ ഒരു ഭാവ വ്യത്യാസമൊന്നും കാണുന്നുണ്ടായിരുന്നില്ല.ചിരിയോകരച്ചിലോ ഒന്നും.ഒരവാർഡ്‌ ജേതാവിന്റെ അഹങ്കാരവും അവരിലാരിലും ഉണ്ടായിരുന്നില്ല.
           നല്ലചൂടും മറ്റും കാരണമാവാം കിട്ടിയവർകിട്ടിയവർ സ്ഥലം കാലിയാക്കിക്കൊണ്ടിരുന്നു.എന്റെ  പേരാണെങ്കിൽ ലിസ്റ്റിന്റെ ഏതാണ്ട്‌ അവസാന ഭാഗത്താണുള്ളത്‌.ഞാനാകെ അക്ഷമനായി കാത്തിരിക്കുകയാണ്.(ഞമ്മക്ക്‌ ഇമ്മാതിരി സാമാനങ്ങൾ തോനൊന്നും കിട്ടാത്തതോണ്ട്‌ കൊറചൊരു ഗമീലാണ്‌) കിട്ടിയവർ കിട്ടിയവർ പോകുന്നത്‌ കൊണ്ട്‌ ഞാൻ വാങ്ങുന്നത്‌ കാണാൻ ആരുമുണ്ടാകില്ലേ എന്നൊരു ശങ്കയുമുണ്ട്‌.
        അങ്ങനെ എന്റെ പേര്‌ വിളിക്കപെട്ടു.എന്റെ നെഞ്ചാകെ ചടപടാന്ന് ഇടിക്കാൻ തുടങ്ങി.(ഹേയ്‌....ഞമ്മളെ ഈ സഭാകമ്പേയ്‌....)വിയർത്തൊലിച്ച്‌ കൊണ്ട്‌ ഞാനും വേദിയിലെത്തി.അവിടെ കൂടിയവരിൽ ചിലരെന്തൊക്കെയോ ചോദ്യങ്ങളൊക്കെ ചോദിച്ചു.നമ്മളേക്കൊണ്ടാവുന്നത്‌ പോലെയൊക്കെ ഉത്തരം പറഞ്ഞു.അപ്പോഴേക്കും മറ്റു ചിലർ കുറേ കടലാസുമായെത്തി.വായിച്ച്‌ നോക്കാനൊന്നും നിന്നില്ല.കുറച്ച്‌ കാലമായി ഒപ്പിടൽ പതിവില്ലത്തതിനാൽ വിരലടയാളം പതിച്ച്‌ കൊടുത്തു.അപ്പൊ ഞമ്മക്കും കിട്ടി ഒരു സർട്ടിഫിക്കറ്റ്‌.
        എന്താണെന്നൊന്നും നോക്കിയില്ല.കിട്ടിയപാടെ സ്ഥലം വിട്ടു.കുറച്ച്‌ ദൂരെയെത്തി ശ്വാസഗതിയും നെഞ്ചിടിപ്പും സാധാരണ നിലയിലാപ്പോൾ കിട്ടിയ സാധനം ഒന്ന് നിവർത്തി നോക്കി.ഹോയ്‌....ഹുറേയ്‌...ആഹഹ....അവരും അംഗീകരിച്ചിരിക്കുന്നു.80% ഞമ്മളും വികലാംഗനാണെന്ന്!!!!

ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ........

                   'മാധ്യമം' ദിനപത്രത്തിൽ വന്ന (01-09-19) ഒരു വാർത്തയാണ്‌ ഈ പോസ്റ്റിനാധാരം.വാർത്ത പ്രാദേശിക പേജിലായതിനാൽ അധികമാരും കാണാനിടയില്ലത്തതിനാലും പ്രതികരിക്കണമെന്ന് തോന്നുന്നതിനാലും ഇവിടെ ഇട്ട്‌ വെക്കുന്നു.
     കേരളത്തിന്റെ പെണ്മന്ത്രി (അവരുടെ പേരിനു ഒരുപാട്‌ നല്ല അർത്ഥ്ങ്ങളുള്ളത്‌ കൊണ്ടും അവരതിന്‌ അർഹരല്ലാത്തത്‌ കൊണ്ടും ഇവിടെ ഉദ്ധരിക്കുന്നില്ല)കുറ്റിപ്പുറം തവനൂറിൽ സാമൂഹികക്ഷേമ വകുപ്പു നിർമിക്കുന്ന പ്രതീക്ഷഭവന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ്‌ ലൊക്കേഷൻ.12 മണിക്ക്‌ നിശ്ചയിച്ച ചടങ്ങിന്‌ മന്ത്രിയെത്തിയത്‌ വൈകുന്നേരം 4 മണിക്ക്‌.12 മണിക്ക്‌ മന്ത്രിയെത്തുമെന്ന് കരുതി വൃദ്ധരും രോഗികളുമായ അന്തേവാസികളെ 11 മണിക്ക്‌ തന്നെ സ്ഥലത്ത്‌ എത്തിച്ചിരുന്നു.
     പ്രിയപ്പെട്ട മന്ത്രീ......,ദൈവമെന്ന അസ്ഥിത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു(നിങ്ങൾക്കതുണ്ടോ എന്നറിയില്ല,എന്നാലും)ഇതിന്‌ ദൈവം തന്നിരിക്കും.*********************************** വാർത്ത താഴെ******************************
കുറ്റിപ്പുറം: നാല് മണിക്കൂര്‍ വൈകി യെത്തിയ മന്ത്രിയെ കാത്ത് തവനൂര്‍ പ്രതീക്ഷഭവനിലെയും വൃദ്ധസദനത്തിലെയും അന്തേവാസികള്‍  വലഞ്ഞു. പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനാണ് ആരോഗ്യ-സാമൂഹികക്ഷേമ മന്ത്രി പി.കെ ശ്രീമതി പ്രഖ്യാപിച്ചിരുന്ന സമയത്തില്‍ നിന്ന് നാല് മണിക്കൂര്‍ വൈകിയെത്തിയത്. 


വൈകിയതിന്റെ കാരണമോ ക്ഷമയോ ചോദിക്കാതെ സംസാരം തുടങ്ങിയത് അമര്‍ഷത്തിനിടയാക്കി. വൃദ്ധസദനം, പ്രതിക്ഷാഭവന്‍, റെസ്‌ക്യുഹോം, തുടങ്ങിയ സ്ഥാപനത്തിലെ അന്തേവാസികളുടെയും കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെയും സംഘാടകരുടെയും ക്ഷമയാണ് നാലുമണിക്കൂറിലേറെ കാത്തിരിപ്പിച്ച് മന്ത്രി പരീക്ഷിച്ചത്. 


12 മണിക്ക് ശിലാസ്ഥാപന ചടങ്ങ് തുടങ്ങുമെന്ന് പ്രതീക്ഷിച്ച് അന്തേവാസികളെ 11 മണിക്ക് തന്നെ ഉദ്ഘാടന വേദിയിലെത്തിച്ചിരുന്നു. എന്നാല്‍ നാലുമണിയോടെയാണ് മന്ത്രി സ്ഥലത്തെത്തിയത്. മന്ത്രി 12 ന് എത്തുമെന്ന പ്രതീക്ഷയില്‍ ജില്ലാകലക്ടര്‍ എം.സി. മോഹന്‍ദാസ് സ്ഥലത്തെത്തിയെങ്കിലും മന്ത്രി വൈകുമെന്നുറപ്പായതോടെ അദ്ദേഹം മടങ്ങിപ്പോയിരുന്നു. ചടങ്ങിന് ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മന്ത്രി താല്‍പര്യം കാണിച്ചില്ല.